ലഖ്‌നൗ: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഉറച്ച പിന്തുണയുമായി ബി.എസ്.പി അധ്യക്ഷ മായാവതി. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും മമതയെ ലക്ഷ്യമിട്ടിരിക്കുകയാണ്. അത് ആസൂത്രിത നീക്കമാണ്. ഇത് വളരെ അപകടകരവും അന്യായവുമാണ്. ഇത്തരക്കാര്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ ഒട്ടും യോഗ്യരല്ലെന്നും മായാവതി പറഞ്ഞു.
ബംഗാളിലെ പരസ്യപ്രചാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. എന്നാല്‍ മോഡിക്ക് ഇന്ന് രണ്ട് റാലികള്‍ ഉള്ളതിനാല്‍ രാത്രി പത്തു മണി മുതലാണ് വിലക്ക് വരുന്നത്. അവരെയും വിലക്കാനായിരുന്നുവെങ്കില്‍ എന്തുകൊണ്ട് രാവിലെ മുതല്‍ നിരോധനം കൊണ്ടുവന്നില്ല. ഇത് അനീതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് പ്രവര്‍ത്തിക്കുന്നത്.
ബംഗാളിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യ പ്രചാരണം ഇന്ന് രാത്രി കൊണ്ട് അവസാനിപ്പിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഇന്ന് രണ്ടു വീതം റാലികളാണ് ബംഗാളിലുള്ളത്.
അതേസമയം, മമത ബാനര്‍ജിയേയും തൃണമൂല്‍ കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് നരേന്ദ്ര മോഡിയും രംഗത്തെത്തി. യു.പി, ബിഹാര്‍, പൂര്‍വ്വാഞ്ചല്‍ മേഖലയിലെ ജനങ്ങളെ തന്റെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഭ്രഷ്ടരെന്ന് കരുതുന്ന മമതയെ മായാവതി തീര്‍ച്ചയായും വിമര്‍ശിക്കുമെന്നാണ് താന്‍ കരുതിയത്. എന്നാല്‍ അതുണ്ടായില്ലെന്ന് മോഡി യു.പിയിലെ മൗവില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.
കൊല്‍ക്കൊത്തയില്‍ അമിത് ഷാ നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ സംഘര്‍ഷമുണ്ടാക്കിയതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെമ്മാടിത്തരം കണ്ടതാണ്. ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ അവര്‍ തകര്‍ത്തു. വിദ്യാസാഗറിന്റെ കാഴ്ചപ്പാടിനോട് ബി.ജെ.പിക്ക് പ്രതിബദ്ധതയുണ്ട്. അതുകൊണ്ട് ബി.ജെ.പി അതേസ്ഥലത്തുതന്നെ അദ്ദേഹത്തിന്റെ പ്രതിമ പുനഃസ്ഥാപിക്കുമെന്നും മോഡി പറഞ്ഞു.
മാസങ്ങള്‍ക്കു മുന്‍പ് വെസ്റ്റ് മിഡനാപ്പൂരില്‍ തന്റെ റാലിയ്ക്കിടെ ടി.എം.സി ഗുണ്ടകള്‍ തെമ്മാടിത്തരം കാണിച്ചു. അതേതുടര്‍ന്ന് തനിക്ക് പ്രസംഗം അവസാനിപ്പിച്ച വേദി വിടേണ്ടിവന്നു. തന്റെ ബംഗാള്‍ റാലി തടയാന്‍ ഇനി മമതയ്ക്ക് ധൈര്യമുണ്ടോയെന്നും മോഡി വെല്ലുവിളിച്ചു.
from mangalam.com http://bit.ly/2Hn81Mv
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ